ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യർ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണെന്ന് സഹോദരൻ മധു വാര്യർ. ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഹിമാലയത്തിലാണ് മഞ്ജു ഇപ്പോൾ. മൂന്നാഴ്ച മുമ്പ് യാത്ര തിരിച്ച മഞ്ജു തിങ്കളാഴ്ച രാവിലെ സാറ്റ്ലൈറ്റ് ഫോണിൽ വിളിച്ചാണ് മധുവിനോട് ദുരിതം അറിയിച്ചത്.
വിനോദ സഞ്ചാരികളടക്കം ഇരുന്നൂറോളം പേർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും ഭക്ഷണസാധനങ്ങൾ തീരുന്ന അവസ്ഥയാണെന്നും നടി പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു.
മേഘവിസ്ഫോടനമടക്കം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളുവിലെ പ്രധാന യാത്രാമാര്‍ഗമായ പാലവും തകര്‍ന്നിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പലയിടത്തും രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു.ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ,മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പഞ്ചിമ ബംഗാൾ ,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്.