മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ത്രില്ലർ ശ്രേണിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുവർഷ നാളിൽ ആരംഭിച്ചിരുന്നു.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലവ് 24/7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില് പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. കഥ ഇഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റു തിരക്കുകൾ എല്ലാം മാറ്റിവച്ച് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.ചിത്രത്തിന്റെ ലൊക്കേഷനിൽ മഞ്ജു വാര്യർ ഇന്ന് ജോയിൻ ചെയ്യുകയുണ്ടായി.
ഏറെ നാളുകളായുള്ള ഒരു ആഗ്രഹത്തിന്റെ സഫലീകാരണമാണ് ഈ ചിത്രമെന്ന് മഞ്ജു വാര്യർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂക്കയോടൊപ്പം നിൽക്കുന്ന ചിത്രം മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനിടെ മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്.അജയ് വാസുദേവ് ആണ് സംവിധാനം. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്‍മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.