നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഫന്റാസ്റ്റിക്ക് ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രമാണ് 9MM. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനിൽ ബാബുവാണ്. മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമായാണ് 9MM ഒരുങ്ങുന്നത്. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ടിനു തോമസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. വിക്രം വേദ ഫെയിം സാം സി എസ് സംഗീതവും വിശ്വാസം, വേതാളം, വിവേകം തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.
ഗൂഢാലോചന, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ കോമഡി എന്റർടൈനറുകൾക്ക് തിരക്കഥ ഒരുക്കിയ ധ്യാൻ തന്റെ പുതിയ തിരക്കഥയായ 9MM ഒരു ആക്ഷൻ ത്രില്ലറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ധാരാളം ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിനായി ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള യാനിക്ക് ബെന്നാണ്. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചുള്ള ചിത്രമാണ് 9MM.