25 വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിനിടയിൽ ആദ്യമായി മഞ്ജുവാര്യർ പ്രിയദർശൻ ചിത്രത്തിൽ വേഷമിടുന്നത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. പ്രിയദർശനൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യർ. മരയ്ക്കാറിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരു വേഷത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മഞ്ജുവാര്യർ. പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ തനിക്ക് ഒരു വേഷം ലഭിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത് ചെയ്യാൻ സാധിച്ചില്ല എന്നും മഞ്ജു വാര്യർ പറയുന്നു. തന്റെ ബാല്യം വർണ്ണാഭമാക്കിയ ചിത്രങ്ങളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ എന്നും എന്നാൽ സിനിമാജീവിതത്തിൽ എത്തിയിട്ടും അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാൻ തനിക്ക് സാധിച്ചില്ല എന്നും താരം പറയുന്നുണ്ട്.
നിരവധി നാളുകൾക്കു ശേഷം അങ്ങനെയൊരു അവസരം ലഭിച്ചത് മരയ്ക്കാറിൽ ആണെന്നും അത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണെന്നും മഞ്ജുവാര്യർ തുറന്നു പറയുന്നു. ജനങ്ങൾക്കൊപ്പം ഈ ചിത്രം തിയേറ്ററിൽ പോയി കാണുവാൻ മഞ്ജു വാര്യറും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകവ്യാപകമായി മാർച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തീയറ്ററുകളിൽ, അതായത് ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിലാവും റിലീസ് ചെയ്യുക. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംങ്ങിന് തന്നെയാണ് മരക്കാർ തയ്യാറെടുക്കുന്നത്. മലയാള സിനിമ കണ്ടതിൽ വെച്ച് റിലീസിംഗിന് മുമ്പ് ഏറ്റവും കൂടുതൽ തുക ബിസിനസിൽ നേടിയ ചിത്രം, മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം, അങ്ങനെ നീളുകയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റെക്കോർഡുകൾ.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.