ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും ഒടിയനെ കുടുംബപ്രേക്ഷകർ സ്വീകരിച്ചതിനാൽ ഇപ്പോൾ ചിത്രം വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആളുകൾ കൂടുകയാണ്. ചിത്രത്തെ കുടുംബപ്രേക്ഷകർ ഏറ്റെടുത്തതിന് നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലാണ് മാണിക്യന്റെ പ്രഭ നന്ദി അറിയിച്ചിരിക്കുന്നത്..!
ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!