മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന മഞ്ജു വാര്യർക്ക് തന്റെ കരിയറിൽ മമ്മൂക്കക്കൊപ്പം അഭിനയിക്കുവാൻ സാധിച്ചിട്ടില്ല എന്നത് ഏറെ കൗതുകമുണർത്തുന്ന ഒരു കാര്യമാണ്. പ്രേക്ഷകരുടെ ആ കാത്തിരിപ്പിന് ഇപ്പോൾ അവസാനം കുറിക്കുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ത്രില്ലറിലാണ് മഞ്ജു വാര്യർ മമ്മൂക്കക്കൊപ്പം അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂക്കയുടെ നായികയായിട്ടല്ല മഞ്ജു വാര്യർ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ഡിസംബർ ഒടുവിൽ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കുട്ടിക്കാനമാണ് മറ്റൊരു ലൊക്കേഷൻ.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രമാണ് മമ്മൂക്കയുടെ പുതിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് വൺ. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതേ സമയം എം പദ്മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മാസ്സ് റീലീസിനായി ഒരുങ്ങിയിരിക്കുകയാണ് പ്രേക്ഷകർ. ഡിസംബർ 12നാണ് മാമാങ്കം തീയറ്ററുകളിൽ എത്തുന്നത്. അതേ സമയം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പ്രതി പൂവൻകോഴി എന്ന ചിത്രവുമായി മഞ്ജു വാര്യരും ഡിസംബർ 20ന് തീയറ്ററുകളിൽ എത്തുന്നുണ്ട്.