ഒന്നല്ല, ഇരട്ടി മധുരമാണ് സൈമ (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ്) അവാർഡ് വേദിയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കാത്തിരുന്നത്. സൈമ 2019 അവാർഡിൽ തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയാണ് മഞ്ജു വാര്യർ ഇരട്ടനേട്ടം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി ഇരട്ട അവാർഡ് നേട്ടത്തിന്റെ മധുരം മഞ്ജു പങ്കുവെയ്ക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ സൈമ അവാർഡ് നൈറ്റ് നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ 2019, 2020 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഇത്തവണ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ലൂസിഫർ, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മഞ്ജുവിനെ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. അസുരനിലെ പാച്ചിയമ്മാൾ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. അതേ ചിത്രത്തിലെ അഭിനയം ധനുഷിന് മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തു.
View this post on Instagram
ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ പുരസ്കാരങ്ങൾ സ്വീകരിക്കാൻ എത്താൻ മഞ്ജുവിന് കഴിഞ്ഞില്ല. മലയാളം വിഭാഗത്തിൽ നിന്നുള്ള മികച്ച നടി പുരസ്കാരം നിർമാതാവ് ആന്റണി പെരുമ്പാവൂർ ഏറ്റു വാങ്ങിയപ്പോൾ തമിഴ് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം സംവിധായകൻ വെട്രിമാരനും മഞ്ജുവിനു വേണ്ടി ഏറ്റുവാങ്ങി. സൈമ അവാർഡ്സ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികച്ച സിനിമകൾക്കും സിനിമാമേഖലയിലെ മികവുകൾക്കുമാണ് നൽകുന്നത്.