അവതാരിക കണ്ണടച്ച് നില്ക്കാൻ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സർപ്രൈസ് മഞ്ജു വാര്യർ എന്തായാലും പ്രതീക്ഷിച്ചു കാണില്ല. കണ്ണ് തുറന്നപ്പോൾ മുന്നിൽ അമ്മ ഗിരിജ. എത്രയോ വേദികളിലേക്ക് തന്നെ കൈ പിടിച്ചു കയറ്റിയ അമ്മയെ, വലിയൊരു വേദിയിൽ ഒപ്പം ചേർത്തു നിറുത്താൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലായിരുന്നു മഞ്ജു വാരിയർ. മനോരമ ഓൺലൈൻ ചുങ്കത്ത് ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഡിന്നർ വിത്ത് മഞ്ജു ആൻഡ് ടീം പ്രതി പൂവൻ കോഴി’ എന്ന പരിപാടിയിലാണ് ഈ അപൂർവ ഒത്തുചേരൽ നടന്നത്. കേരളത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 22 സെൽസ് ഗേൾസും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
മകൾക്ക് പൂർണ പിന്തുണയുമായി അമ്മ ഗിരിജ എപ്പോഴും കൂടെയുണ്ടെങ്കിലും പൊതുവേദികളിൽ, പ്രത്യേകിച്ച് സിനിമ പ്രൊമോഷൻ വേദികളിൽ, പ്രത്യക്ഷപ്പെടാറില്ല. സ്ത്രീകൾക്ക് കരുത്തേകാൻ സഹായിക്കുന്ന പ്രതി പൂവൻകോഴിയുടെ പ്രൊമോഷന് വേണ്ടിയാണ് ആ അമ്മയും സമ്മതം മൂളിയത്. അതിക്രമങ്ങൾക്കെതിരെ ഓരോ സ്ത്രീയും എങ്ങനെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്, പ്രതി പൂവൻകോഴി പറയുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഹൗ ഓൾഡ് ആർ യു എന്ന സിനിമ സ്ത്രീകളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചെങ്കിൽ പ്രതി പൂവൻകോഴി സത്രീകൾക്കു പ്രതികരിക്കാനുള്ള ധൈര്യം നൽകുമെന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞു.