മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലളിതം സുന്ദരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയായ ഇതിൽ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപത് വർഷങ്ങൾക്കു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ താരം ലളിതം സുന്ദരം നിർമിക്കുന്നത്.
വണ്ടിപെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.