പലതരം തട്ടിപ്പുകളെ കുറിച്ച് നാം ദിവസേന വാർത്തകൾ കേൾക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ പ്രമുഖതാരങ്ങളുടെ ഫോട്ടോ വെച്ച് തട്ടിപ്പ് നടത്തുന്നവരെയും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന്റെ ഫോട്ടോ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചറാക്കി തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്നെടുത്ത ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കർണാടകയിലാണ് സംഭവം.
കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള മഞ്ജുള എന്നൊരു യുവതിയാണ് പിടിയിലായിരിക്കുന്നത്. കീർത്തി സുരേഷിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ വെച്ചാണ് മഞ്ജുള ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. തുടർന്ന് ആ അക്കൗണ്ടിൽ നിന്നും മഞ്ജുള നിരവധി പുരുഷന്മാർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. വിജയ്പുർ ജില്ലയിലുള്ള പരശുരാമ എന്ന വ്യക്തി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും മഞ്ജുളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. താൻ ഒരു കോളേജ് വിദ്യാർത്ഥിനിയാണെന്നാണ് മഞ്ജുള പരശുരാമയെ വിശ്വസിപ്പിച്ചത്. തുടർന്ന് അവരുടെ ബന്ധം തുടർന്നത് വാട്സാപ്പിലൂടെയാണ്.
മഞ്ജുള പതിയെ പരശുരാമയോട് പ്രണയം തുറന്നു പറയുകയും കോളേജ് വിദ്യാർത്ഥിനിയാണെന്ന് കരുതി പരശുരാമ മഞ്ജുളക്ക് സമ്മാനങ്ങൾ അയക്കുവാനും തുടങ്ങി. പിന്നീട് കോളേജ് ഫീസ് അടക്കാനെന്ന വ്യാജേന മഞ്ജുള പരശുരാമയിൽ നിന്നും പണം ചോദിച്ചു തുടങ്ങി. കെണിയിൽ പെട്ട കാര്യം മനസ്സിലാക്കാതെ അയാൾ പണം അയച്ചുകൊടുക്കുവാനും തുടങ്ങി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ മഞ്ജുള പരശുരാമ കുളിക്കുന്ന ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അയാളെ ബ്ലാക്ക്മെയിൽ ചെയ്യുവാനും തുടങ്ങി. മഞ്ജുളയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ വന്നതോടെ പരശുരാമ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അന്വേഷണം ആരംഭിച്ച സൈബർ സെൽ മഞ്ജുളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതയും രണ്ടു മക്കളുടെ അമ്മയും കൂടിയായ മഞ്ജുള ഭർത്താവിന്റെ സഹായത്തോട് കൂടിയാണ് ഇതെല്ലാം തന്നെ നടത്തിയത്. ഭർത്താവ് ഇപ്പോൾ ഒളിവിലാണ്. ആഡംബരപൂർണമായ ഒരു ജീവിതമാണ് മഞ്ജുള നയിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്. സ്വന്തമായി കാറും ബൈക്കും നൂറ് ഗ്രാം സ്വർണവും കൈവശമുണ്ടായിരുന്ന മഞ്ജുള തന്റെ പുതിയ വീടിന്റെ പണിയും തുടങ്ങിയിരുന്നു. കൂടുതൽ ആളുകളെ ഇങ്ങനെ മഞ്ജുള വഞ്ചിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ.