സുരേഷ് ഗോപി ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ അഞ്ചു നായികമാരിൽ ഒരാളായിരുന്നു അപർണ. മഞ്ജുള എന്ന തെലുങ്ക് നടിയായിരുന്നു അപർണയായി വേഷമിട്ടത്. തെലുങ്ക് നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കൃഷ്ണയുടെ മകളും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള. താരത്തിന്റെ ആദ്യചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം. പിന്നീട് തെലുങ്കിലും മറ്റു ഭാഷകളിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോൾ മഞ്ജുളയുടെ ചില തുറന്നുപറച്ചിലുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. അഭിനയം തന്റെ പാഷൻ ആയിരുന്നുവെന്നും സിനിമ പശ്ചാത്തലമുള്ള ഒരു കുടുംബം ആയതുകൊണ്ട് തനിക്കും അതുതന്നെയായിരുന്നു ആഗ്രഹമെന്നും മഞ്ജുള പറയുന്നു. എന്നാൽ തന്റെ ആഗ്രഹങ്ങൾക്ക് എതിരായിരുന്നു തന്റെ കുടുംബമെന്നും താരം കൂട്ടിച്ചേർത്തു.
മഞ്ജുളയുടെ വാക്കുകൾ:
“ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്.”
തന്റെ സ്വപ്നങ്ങൾ നടക്കാതെ പോയപ്പോൾ ചെറുപ്രായത്തിലെ താൻ വിഷാദരോഗത്തിന് അടിമയായി എന്നും പിന്നീട് മെഡിറ്റേഷൻ മാത്രമാണ് തന്നെ നിലനിർത്തിയത് എന്നും താരം പറയുന്നു.
“ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്. ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് എന്റേതായ ഇടമുണ്ട്.”അഭിനയത്തിൽ സജീവമല്ലെങ്കിലും സംവിധാന രംഗത്തും നിർമ്മാണ രംഗത്തും എല്ലാം താരം ഇപ്പോഴും സജീവമാണ്.