Saturday, June 6

അതിജീവനത്തോളം മനോഹരമായി മറ്റൊന്നില്ല | മനോഹരം റിവ്യൂ

Pinterest LinkedIn Tumblr +

ലോകത്തിൽ ഏറ്റവും മനോഹരം എന്താണെന്ന് ചോദിച്ചാൽ പറയുവാൻ ഉത്തരങ്ങൾ പലതാണ്. ഏറ്റവും മനോഹരം അമ്മയാകാം, ലോകമാകാം, പൂക്കളാകാം, പുഴകളാകാം, കാമുകിയോ കാമുകനോ ആകാം. മനോഹാരിതക്ക് പ്രത്യേക അർത്ഥങ്ങളോ വ്യാപ്തികളോ ഘടനയോ ഉണ്ടാകണമെന്നില്ല. അത് ഓരോരുത്തന്റെയും മനസ്സിന്റെ അകത്തളങ്ങളിൽ വിടരുന്നൊരു പൂവ് പോലെയൊന്നാണ്. ചവിട്ടിയരക്കപ്പെട്ട ചെറിയൊരു ചെടിയിൽ ഒരു പൂ വിരിയുന്നതും വെട്ടിമാറ്റിയ മരത്തിൽ പുതു മുകുളങ്ങൾ വിടരുന്നത് കണ്ടാൽ കബാലിയുടെ മലയാളം ഡബ്ബിങ്ങിൽ ‘മഗിഴ്ചി’ക്ക് പകരം ഉപയോഗിച്ചിരിക്കുന്ന ആ വാക്ക് അറിയാതെ പറഞ്ഞു പോകും.. മനോഹരം..! അത്തരമൊരു പക്കാ ഫീൽ ഗുഡും ജീവിതത്തിൽ പ്രത്യാശ പകരുന്നതുമായ ചിത്രമാണ് ഓർമ്മയുണ്ടോ ഈ മുഖത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കിയിരിക്കുന്ന ‘മനോഹരം’ എന്ന ചിത്രം. വളരെ മനോഹരമായി തന്നെയാണ് ചിത്രത്തെ അൻവർ സാദിഖ് ഒരുക്കിയിരിക്കുന്നത്.

മനു എന്ന മനോഹരൻ അനുഗ്രഹീതനായ ഒരു ചിത്രകാരനാണ്. പക്ഷേ ഡിജിറ്റൽ പ്രിന്റിങ്ങും മറ്റും പരമ്പരാഗത ചിത്രരചനയെ പിന്നോക്കം വലിച്ചതോടെ അതിനെ കുറിച്ച് ഒന്നുമറിയാത്ത മനു തന്റെ ഗ്രാമത്തിൽ ഒരു പഴഞ്ചനാണ്. തന്റെ ജോലിയിൽ നിന്നും ജീവിക്കുവാൻ ആവശ്യമുള്ളത് ലഭിക്കില്ലാത്തത് കൊണ്ട് കല്യാണം ഉറപ്പിച്ചിരുന്ന പെണ്ണ് ഒളിച്ചോടി പോയ ദുഃഖം മനസ്സിൽ ഉള്ളവനാണ് മനു. പക്ഷേ അവിടെ അവന് താങ്ങും തണലുമായി പ്രിയ സുഹൃത്തുക്കളായ പ്രഭുവും വർഗീസേട്ടനുമുണ്ട്. കാലം മാറുന്നതിനൊപ്പം കോലവും മാറുവാൻ ഇറങ്ങിത്തിരിക്കുകയാണ് മനു. ഡിജിറ്റൽ പ്രിന്റിങ് പഠിക്കാൻ ഇറങ്ങിത്തിരിക്കുന്ന മനുവിന്റെ ജീവിതത്തിലേക്ക് ശ്രീജ എന്ന പെൺകുട്ടി കടന്ന് വരുന്നു. പിന്നീട് നടക്കുന്ന മനോഹരമായ സംഭവവികാസങ്ങളാണ് ‘മനോഹര’ത്തിന്റെ ഇതിവൃത്തം.

അരവിന്ദന്റെ അതിഥികളിൽ നിന്നും പൂർണമായും മാറി നിൽക്കുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ രവി പപ്പനും ലൗ ആക്ഷൻ ഡ്രാമയിലെ സുമനും ശേഷം വിനീത് ശ്രീനിവാസന്റെ മറ്റൊരു മനോഹര കഥാപാത്രമാണ് മനു. പേര് പോലെ തന്നെ മനോഹരമാണ് മനു എന്ന കഥാപാത്രവും. ആ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കുവാൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെ വില എന്നും അളക്കാവുന്നതിലും ഏറെ മുകളിലാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ദ്രൻസേട്ടന്റെ വർഗീസേട്ടൻ എന്ന കഥാപാത്രവും ബേസിൽ ജോസഫിന്റെ പ്രഭുവും. നവാഗതയായ നായിക അപർണയും ഹരീഷ് പേരടി, ലക്ഷ്‌മി ശ്രീ, ദീപക് പറമ്പോൾ, നന്ദിനി എന്നിവരും അവരുടെ കഥാപാത്രങ്ങളെ വളരെയേറെ മനോഹരമാക്കി.

സംവിധായകൻ അൻവർ സാദിഖ് ഒരുക്കിയ തിരക്കഥ തന്നെയാണ് ഏറ്റവും മനോഹരം. ഉള്ള് നിറക്കുന്ന, പ്രേക്ഷകനെ കൊണ്ട് മനോഹരം എന്ന് പറയിപ്പിക്കുന്ന ആ തിരക്കഥ ചിത്രത്തെ ചെറുതായിട്ടൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. ജെബിൻ ജേക്കബിന്റെ മനോഹരമായ ക്യാമറ വർക്കുകളും ചിത്രത്തെ മികവുറ്റതാക്കി. ഒപ്പം സഞ്ജീവ് തോമസിന്റെ സംഗീതവും കൂടി ഇഴചേർന്നപ്പോൾ മനോഹരം മറക്കാനാവാത്ത ഒന്നായി. ഒരു മടിയും കൂടാതെ തീർച്ചയായും കാശ് മുടക്കാവുന്ന ചിത്രം തന്നെയാണ് മനോഹരം. കണ്ടിറങ്ങുമ്പോൾ ഓരോ പ്രേക്ഷകനും ഇത് മനോഹരമെന്നല്ല, അതിമനോഹരം എന്നായിരിക്കും പറയുമെന്നത് തീർച്ച.

“Lucifer”
Loading...
Share.

About Author

Comments are closed.