മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മോഹൻലാൽ. എന്നാൽ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തിൽ പലപ്പോഴും ലളിതമായ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട് താരം. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലിയിരിക്കുന്നത്.
തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാൽ തന്നെ അതിശയിപ്പിച്ച് കളഞ്ഞ ഒരു കാര്യമാണ് മനോജ് കെ ജയൻ പങ്കുവെയ്ക്കുന്നത്. സപ്തതി ആഘോഷത്തിന്റെ ഭാഗമായി അച്ഛനെ 70 പേർ പൊന്നാട അണിയിക്കുന്നുണ്ടായിരുന്നു. ഇതിൽ അച്ഛനെ പൊന്നാട അണിയിക്കാനായി ഒരുക്കിയ 70 പേരുടെ ക്യൂവിൽ മോഹൻലാൽ നിന്നു. സാധാരണ മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ളവർ വരുമ്പോൾ അവർക്ക് സ്പെഷ്യൽ എൻട്രി കൊടുക്കും. അവർ പെട്ടെന്ന് വന്ന് കാര്യം തീർത്ത് പോകാറാണ് പതിവ്. എന്നാൽ താൻ നോക്കുമ്പോൾ ക്യുവിൽ ലാലേട്ടൻ നിൽക്കുന്നു. അദ്ദേഹത്തെ ക്യൂവിൽ നിന്ന് മാറ്റി മുന്നിലേക്ക് കൊണ്ടുവരാനായി ഓടിച്ചെന്നു. ആ സമയത്ത് ലാലേട്ടന്റെ മുമ്പിൽ ഒരു 25 പേർ കാണും.
ഒരു ജൂബയൊക്കെ ഇട്ട് പൊന്നാടയൊക്കെ കൈയിൽ പിടിച്ച് ലാലേട്ടൻ അങ്ങനെ വരിയിൽ നിൽക്കുകയാണ്. ഒരു പരിപാടിയിലും അങ്ങനെ ക്യൂ നിൽക്കേണ്ട ഒരാളല്ല അദ്ദേഹം. അദ്ദേഹത്തിനെ മുന്നിലേക്ക് കൊണ്ടു വരാനായി ചെന്നപ്പോൾ താൻ വരിയിൽ തന്നെ നിന്നോളാമെന്നും അച്ഛനെപോലുള്ള ഒരു വലിയ കലാകാരന് വേണ്ടിയല്ലേയെന്നും ആയിരുന്നു ലാലേട്ടന്റെ ചോദ്യം. അത് താൻ ക്യുവിൽ നിന്ന് ചെയ്തോളാമെന്നും അതാണ് സന്തോഷമെന്നും ആയിരുന്നു ലാലേട്ടന്റെ മറുപടി. ശരിക്കും താനന്ന് അതിശയിച്ചു പോയെന്നും മനോജ് കെ ജയൻ വ്യക്തമാക്കി.