ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പർഹിറ്റ് ചിത്രം ഉയരേക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലേട്ടൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ടോവിനോ തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ടോവിനോ തോമസും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്ന ചിത്രത്തിൽ നായികയാകുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഡ്രീംകാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീനാണ്.
ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആസ് യു വാച്ച്’ എന്ന ടാഗ്ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒക്റ്റോബർ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന കാണെക്കാണെയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ പെരിന്തൽമണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ. പരസ്യകല ഓൾഡ് മോങ്ക്സ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.