കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണനും പ്രിയയുമാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിച്ചത്. എന്നാൽ, താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇപ്പോൾ വളരെ രസകരമായ രീതിയിൽ അറിയിച്ചിരിക്കുകയാണ് ചിത്രത്തിൽ പ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച മന്യ.
പ്രിയയേയും വാസുവിനെയും സംബന്ധിച്ച നിരവധി ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ. 2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ, സ്വപ്നക്കൂട് എന്നിങ്ങനെ ഒട്ടേറെ മലയാള സിനിമകളിൽ മന്യ വേഷമിട്ടിട്ടുണ്ട്. 2010ൽ റിലീസായ പതിനൊന്നിൽ വ്യാഴം എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ചത്.