കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 375’ ന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍. ‘വിധി: ദി വെര്ഡിക്ട്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. മരട് ഫ്ലാറ്റ് പൊളിക്കല്‍ പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ലാറ്റുകളുടെ നിര്‍മ്മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു.
തുടര്‍ന്ന് കേസ് ഹൈ ക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ വിചാരണയ്ക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്.
വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. പട്ടാഭിരാമന് എന്ന ചിത്രത്തിന് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 375. അനൂപ് മേനോന്, ധര്മ്മജന്, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശന് കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.