നീണ്ട കാത്തിരിപ്പിനൊടുവിൽ ഡിസംബറിലാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹ് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയത്. ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യുകയായിരുന്നു. മരക്കാർ സിനിമയുടെ ആരാധകർക്കും അണിയറപ്രവർത്തകർക്കും ഒരുപോലെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓസ്കറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം കണ്ടെത്തി.
ഗ്ലോബൽ കമ്യൂണിറ്റി ഓസ്കർ അവാർഡ്സ് – 2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഇടം കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീരസാഹസിക കഥ പറഞ്ഞ മരക്കാർ – അറബിക്കടലിന്റെ സിംഹം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയാണ്. അറുപത്തിയേഴാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫീച്ചർ സിനിമ, സ്പെഷ്യൽ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ മരക്കാർ പുരസ്കാരത്തിന് അർഹമായിരുന്നു.
ഡിസംബർ രണ്ടിനാണ് മരക്കാർ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ആദ്യം ഒ ടി ടിക്ക് നൽകാനിരുന്ന സിനിമ നിരവധി ചർച്ചകൾക്ക് ഒടുവിൽ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്യുകയായിരുന്നു. ഡിസംബർ 17നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ സ്ട്രീമ്ങ് ആരംഭിച്ചത്. മരക്കാർ സിനിമയ്ക്കൊപ്പം സൂര്യ നായകനായി എത്തിയ ചിത്രം ‘ജയ് ഭീമും’ ഓസ്കർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.