കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ തിയററ്റുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ ചിത്രത്തിൽ നിന്ന് ഡിലീറ്റ് ചെയ്ത സീനുകൾ പുറത്തു വിടുകയാണ് അണിയറപ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലിൽ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ രംഗമാണ് റിലീസ് ചെയ്തത്. ഈ രംഗത്തിന്റെ മേക്കിംഗ് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്ന് എന്തിനാണ് വെട്ടിക്കളഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ രംഗത്തിൽ മോഹൻലാൽ അതിഗംഭീരമായാണ് അഭിനയിക്കുന്നതെന്നും സിനിമയിലെ ഏറ്റവും വികാരനിർഭരമായ രംഗമാണ് ഇതെന്നുമാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
ഡിസംബർ രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് തന്നെ പ്രദർശനം ആരംഭിച്ച മരക്കാർ റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടും നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.