മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം ഓരോ ദിവസം ചെല്ലുന്തോറും ആകാംക്ഷകളേയും പ്രതീക്ഷകളേയും പുതിയ തലങ്ങളിലേക്കുയർത്തുകയാണ്. 100 കോടിക്കടുത്ത് ഏകദേശം നിർമാണചിലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മരക്കാർ നാലാമന്റെ വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. മരക്കാർ ഒന്നാമൻ കുട്ട്യാലി മരക്കാറായി മലയാളത്തിന്റെ സ്വന്തം മധുസാർ എത്തുന്നുവെന്ന വാർത്തയും മികച്ചൊരു ഹൈപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മരക്കാർ തലമുറകളിലെ രണ്ടാമനും മൂന്നാമനുമാകാൻ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ചിരഞ്ജീവി എന്നിങ്ങനെയുള്ള സൂപ്പർസ്റ്റാറുകളുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു എന്നതും ചിത്രത്തിനോടുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്. ഇന്ത്യൻ സിനിമ ലോകം കണ്ട മികച്ച നടന്മാരുടെ ഈ ഒരു കൂട്ടുക്കെട്ട് യാഥാർഥ്യമായാൽ അത് പ്രേക്ഷകർക്ക് ഒരു മാസ്സ് ചിത്രം തന്നെയായിരിക്കും സമ്മാനിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുമുള്ള അഭിനേതാക്കൾക്കൊപ്പം ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ വർഷം നവംബർ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞിട്ടുള്ളത്. തിരക്കഥ പൂർത്തിയായതിനാൽ തന്നെ ഇനിയുള്ളത് കാസ്റ്റിംഗ് മാത്രമാണ്.