മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് മുതൽ പുതു റെക്കോർഡുകൾ തീർത്ത് കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. നൂറ് മുകളിൽ ചിലവ് വരുന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് തന്നെ 250 കോടി കഴിഞ്ഞു. അത് കൂടാതെ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നതും. ലോകവ്യാപകമായി അയ്യായിരത്തോളം തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചരിത്രം കുറിക്കുവാനാണ് ഒരുങ്ങുന്നത്. ചൈനയിൽ മാത്രമായി ആയിരത്തോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
ഇപ്പോഴിതാ ഫാൻസ് ഷോകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് തീർക്കുവാനുള്ള ഒരുക്കത്തിലാണ് ആരാധകവൃന്ദം. റിലീസിന് ഇനിയും അൻപതോളം ദിവസങ്ങൾ ശേഷിക്കേ മരക്കാർ ഫാൻസ് ഷോകളുടെ എണ്ണം 300 കവിഞ്ഞിരിക്കുകയാണ്. രാത്രി 12 മണിക്കും പുലർച്ചെ 4 മണിക്കുമെല്ലാമുള്ള ഷോകൾ മിക്കതും ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. അഞ്ഞൂറോളം ഫാൻസ് ഷോകൾ തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.
പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അറുതി വരുത്തി ചിത്രം 2020 മാർച്ച് 26നാണ് മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസായി തീയറ്ററുകളിൽ എത്തുന്നത്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.