കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. 85 കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കൂടി ലഭിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകൾ നേടിയ ഈ ചിത്രം ദേശീയ തലത്തിൽ മികച്ച ചിത്രമായി മാറിയതിനൊപ്പം മികച്ച വി എഫ് എക്സ്, മികച്ച വസ്ത്രാലങ്കാരം എന്നീ അവാർഡുകളും നേടിയെടുത്തു.
ഡിസംബർ രണ്ടിന് ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ കേന്ദ്രങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക. കേരളത്തിൽ ഇതിനോടകം അഞ്ഞൂറിൽ അധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്ത ഈ ചിത്രത്തിന്റെ, ബുക്കിങ് തുടങ്ങിയ സ്ക്രീനുകളിൽ ഇപ്പോഴേ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. ഇപ്പോഴിതാ ഇതിന്റെ ഫാൻസ് ഷോകൾ നടത്തുന്ന സമയവും ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ്. രാത്രി പന്ത്രണ്ടു മണിക്കാണ് മരക്കാർ ഫാൻസ് ഷോകൾ ആരംഭിക്കുക. രാത്രി പന്ത്രണ്ടു ഒന്നിന് ആദ്യ ഫാൻ ഷോ, വെളുപ്പിന് മൂന്നരക്ക് രണ്ടാം ഫാൻസ് ഷോ, രാവിലെ ഏഴു മണിക്ക് മൂന്നാം ഫാൻസ് ഷോ എന്ന രീതിയിൽ ആണ് കേരളത്തിൽ ഫാൻസ് ഷോസ് കളിക്കുക.
ആദ്യ ദിനം ആയിരത്തോളം ഫാൻസ് ഷോകൾ കളിക്കാനാണ് മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ഡിസംബർ ഒന്നിന് രാത്രി മുതൽ തന്നെ ഗൾഫിലും അമേരിക്കയിലും പ്രീമിയർ ഷോകൾ ഉണ്ടാകും. കേരളത്തിൽ അറുന്നൂറോളം സ്ക്രീനുകളിൽ ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആദ്യ ദിനം കേരളത്തിൽ മാത്രം മൂവ്വായിരത്തിനു മുകളിൽ ഷോകൾ ആണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്ക്രീനുകൾ ഉള്ള തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ആദ്യ ദിനം മാത്രം നാല്പത്തിരണ്ടു ഷോകൾ ആണ് ഈ ചിത്രത്തിന് വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നത്.