ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ നാൽപ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ലോകമെങ്ങും ചരിത്രം കുറിക്കുകയാണ്. ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങി മറ്റു വിദേശ രാജ്യങ്ങളിലും വരെ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോസ്, ഫാൻ ഷോസ് ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. കേരളത്തിൽ ആണെങ്കിൽ മുൻപെങ്ങും കാണാത്ത വിധമുള്ള അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബുക്കിങ് ഓപ്പൺ ആക്കുന്ന സ്ക്രീനുകളിൽ എല്ലാം മിനിറ്റുകൾ കൊണ്ട് തന്നെ ടിക്കറ്റുകൾ വിറ്റു തീരുകയാണ്.
ഇപ്പോഴിതാ, മറ്റൊരു രസകരമായ കാര്യവും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പുറത്തു കൊണ്ട് വരികയാണ്. മരക്കാർ ചിത്രം തീയേറ്ററിലോ ഒറ്റിറ്റിയിലോ എന്ന വിവാദം കത്തി നിൽക്കവേ, ഒരു ടെലിവിഷൻ ചാനൽ ചർച്ചയിൽ വെച്ച്, ഈ ചിത്രം ഫ്രീ ആയി തന്നാലും കളിക്കില്ല എന്ന് പറഞ്ഞ ഒരു തീയേറ്റർ ഉടമ ആയിരുന്നു എറണാകുളത്തെ പ്രശസ്ത തീയേറ്റർ കോംപ്ലെക്സ് ആയ ഷേണായീസിന്റെ ഉടമ സുരേഷ് ഷേണായി. എന്നാൽ ഇപ്പോൾ മരക്കാർ ആ തീയേറ്ററിൽ കളിയ്ക്കാൻ പോകുന്നു എന്ന് മാത്രമല്ല, ആദ്യ ദിനം പതിനേഴു ഷോകൾ ആണ് അവിടെ ഈ ചിത്രം കളിക്കുക. ആദ്യം അഞ്ചു ഷോ വെച്ച് ബുക്കിങ് ഓപ്പൺ ചെയ്തെങ്കിലും ടിക്കറ്റുകളുടെ ഡിമാൻഡ് കൂടിയതോടെ ഓരോ പത്തു മിനിട്ടിലും കൂടുതൽ ഷോകൾ ചേർക്കേണ്ടി വരികയായിരുന്നു. ഇപ്പോൾ ചേർത്തിട്ടുള്ള പതിനേഴു ഷോകളിൽ ഏകദേശം മുഴുവൻ ഷോകളും സോൾഡ് ഔട്ട് ആണെന്നത് ആണ് മറ്റൊരു വസ്തുത.
ഏതായാലും കേരളം മുഴുവൻ ഇതാണ് ഇപ്പോഴത്തെ അവസ്ഥ. എല്ലാ സ്ക്രീനുകളിലും ഇപ്പോഴേ കൂടുതൽ ഷോകൾ കൂട്ടിച്ചേർക്കുകയാണ്. രണ്ടാം ദിനവും മൂന്നാം ദിനവും വരെ എക്സ്ട്രാ ഷോകൾ ഇപ്പോഴേ ചേർത്തിട്ടുള്ള സ്ക്രീനുകളും ഉണ്ട്. മേജർ സ്ക്രീനുകളിൽ ഒക്കെ ആദ്യ നാലു ദിവസത്തെ ടിക്കറ്റുകൾ വരെ ഇപ്പോഴേ തീരാറായി കഴിഞ്ഞു. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുന്ന മരക്കാർ പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.