കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യും. ലോകം മുഴുവൻ രണ്ടായിരം സ്ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ആണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പ് നൽകാനാണ് ആരാധകർ ശ്രമിക്കുന്നത്.
കേരളത്തിലും ഗൾഫിലും പ്രീ ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിക്കുന്ന ഈ ചിത്രം ഫാൻസ് ഷോകളുടെ എണ്ണത്തിലും റെക്കോർഡ് ഇടുകയാണ്. 409 ഫാൻസ് ഷോകൾ കേരളത്തിൽ കളിച്ച ഒടിയൻ ആയിരുന്നു മുൻപത്തെ റെക്കോർഡ് എങ്കിൽ, ഇപ്പോൾ മരക്കാർ സിനിമയുടെ ആദ്യഘട്ട ഫാൻസ് ഷോ ലിസ്റ്റ് വന്നപ്പോൾ തന്നെ 632 ഫാൻസ് ഷോകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഫൈനൽ ലിസ്റ്റ് അല്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴും ഫാൻസ് ഷോകൾ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ ആ സംഖ്യ ആയിരത്തിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗൾഫിലും റെക്കോർഡ് നമ്പർ ഫാൻസ് ഷോസ് ആണ് ആരാധകർ ഈ ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്.
കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്നു പുരസ്കാരങ്ങളും, ദേശീയ അവാർഡിൽ മികച്ച ചിത്രത്തിനടക്കമുള്ള മൂന്നു അവാർഡുകളും സ്വന്തമാക്കിയ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.