കൊറോണ വൈറസ് ലോകമെമ്പാടും ബാധിച്ചത് മൂലം കേരളത്തിലെ എല്ലാ തിയേറ്ററുകളും കഴിഞ്ഞ രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ് . സിനിമാ വ്യവസായം തന്നെ പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ പല മലയാള സിനിമകളും ഓൺലൈൻ റിലീസിന് വരെ തയ്യാറെടുക്കുന്നുണ്ട്. ഇതിനിടെ ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിൻറെ ഓൺലൈൻ റിലീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം നേരത്തെ വരികയുണ്ടായി. മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാറിന്റെ ബ്രഹ്മാണ്ഡ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് തിയറ്ററുകൾ അടക്കേണ്ട സ്ഥിതി വന്നത്. ഇനി തിയറ്ററുകൾ തുറന്നാലും ഉടൻ തന്നെ മരയ്ക്കാർ റിലീസ് ഉണ്ടാകില്ല എന്നറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ.
‘മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള് ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിെലത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്.’
‘അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർനാണ്.