മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലെ എക്കാലത്തെയും വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം തിരക്കഥ പൂർത്തിയായി. ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെന്റും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് തന്നെ നൂറ് കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞാലി നാലാമന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ചരിത്രപുസ്തകങ്ങളിൽ മരക്കാറെ കുറിച്ച് അധികമൊന്നും എഴുതിച്ചേർക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ നല്ലൊരു ഗവേഷണം നടത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐ വി ശശി സാറിന്റെ മകൻ അനി ചിത്രത്തിന്റെ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്താണ്. നവംബർ മാസം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്നും മാത്രമല്ലാതെ ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. ഒരു ചൈനീസ് താരവും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയുന്നു. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശന്റെ കരിയറിലെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രം കൂടിയാണ്.