റിലീസിനു മുമ്പേതന്നെ 100 കോടി ക്ലബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് മരക്കാർ. ഇതാ ഇപ്പോൾ സൗദി അറേബ്യയുടെ സിനിമാചരിത്രം പോലും മരക്കാറിന് മുന്നിൽ വഴി മാറുന്നു. സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഫാൻസ് ഷോ ഒരുങ്ങുകയാണ്. മരക്കാർ – അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പ്രദർശനമാണ് നടക്കുക. കുഞ്ഞാലി മരക്കാരെ ഉത്സവപ്രതീതിയോടെ അറേബ്യൻ നഗരങ്ങൾ വരവേൽക്കും.
മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ലാൽ കെയർ സൗദി അറേബ്യയാണ്. ജിദ്ദ, റിയാദ്, ദമാം എന്നീ മൂന്ന് നഗരങ്ങളിലും ഫാൻസ് ഷോ ഉണ്ടായിരിക്കും. ദമാം, ജിദ്ദ എന്നിവിടങ്ങളിൽ സിനിപോളിസിലാണ് ഫാൻസ് ഷോ. റിയാദിൽ സിനിമാസിൽ ആയിരിക്കും ഫാൻസ് ഷോ. ഇന്ന് രാത്രി പത്തരയ്ക്കാണ് ഷോ തുടങ്ങുന്നത്. എന്നാൽ മാഷ് അപ്പ്, ലക്കി ഡ്രോ തുടങ്ങിയ പരിപാടികൾ നടക്കും.
ഒൻപതു സ്ക്രീനികളിലായാണ് ഫാൻസ് ഷോകൾ. ഇതിന്റെ ടിക്കറ്റുകൾ മുഴുവനായും വിറ്റു പോയിട്ടുണ്ട്. ഇത്രയും ചെറിയ സമയത്തിനുള്ളിൽ തന്നെ നടന്ന ഫാൻസ് ഷോ ബുക്കിങ്ങ് മോഹൻലാൽ എന്ന നടന്റെ താരപ്രഭാവത്തിന് തെളിവാണെന്ന് ലാൽ കെയർ സൗദി അറേബ്യ പ്രസിഡന്റ് രഹനീഷ്, സെക്രട്ടറി ജിനേഷ്, സരിത്, വിഷ്ണു, വൈശാഖ്, സുധീഷ്, ഇഗ്നേഷ്യസ് എന്നിവർ പറഞ്ഞു,
അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസിന് എത്തുന്നത്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.