വലിയ കാറ്റുകൾക്കും കോളുകൾക്കും ശേഷം മറിയം വന്ന് വിളക്കൂതി മെല്ലെ കരയ്ക്ക് അടുക്കുന്നു. പ്രേമം ടീമിൽ പെട്ട സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടർ എന്നിങ്ങനെ നിറഞ്ഞു നിൽക്കുന്ന യുവ സംവിധായകൻ ജെനിത് കാച്ചപ്പിള്ളിയാണ്. രാജേഷ് അഗസ്റ്റിനാണ് നിർമാണം. ചെറിയ ഒരു പരീക്ഷണ സ്വഭാവം കൂടി ഉള്ളതായത് കൊണ്ട് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. പല പ്രതിസന്ധികളും തരണം ചെയ്താണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു എന്ന അറിയിപ്പുമായി സംവിധായകൻ കുറിച്ച വാക്കുകൾ തന്നെയാണ് ഏറെ ശ്രദ്ധേയം.
“സിനിമ തീർക്കാനായി ഭാര്യയുടെ പേരിൽ പണയത്തിൽ ഇരിക്കുന്ന സ്ഥലത്തിൽ ഇനി ബാക്കിയുള്ള അവകാശം പോലും ഈട് എഴുതി കൊടുക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയ്ക്ക് ഒന്നാം സാക്ഷിയായി ഒപ്പിടേണ്ടി വന്ന ഒരു ഓട്ടത്തിൽ ആയിരുന്നു. മറിയം വന്ന് വിളക്കൂതിയ്ക്കായുള്ള ആ ഓട്ടം ഇപ്പൊ അവസാന ലാപ്പുകൾ ആയിരിക്കുന്നു. കുറേയായി കാണാതെ വന്നപ്പോൾ കോളും മെസേജും ഒക്കെയായി അന്വേഷിച്ചവർക്ക് ഉമ്മകൾ. എഴുത്ത് മിസ് ചെയ്തിരുന്നു എന്ന് പറഞ്ഞവർക്ക് കെട്ടിപ്പിടിത്തംസ്. അപ്പോ നാളെ മുതൽ മെല്ലെ വീണ്ടും ട്രാക്കിലേക്ക് കയറുകയാണ്. റിലീസ് ഡേറ്റ് ഉടനെ അറിയിക്കാം. പിന്നെ അറിയാല്ലോ ഒരു കുഞ്ഞു സിനിമയാണ്. നിങ്ങളൊക്കെയേ ഉള്ളൂ…😊”