മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര ഇന്ത്യൻ നിരത്തുകളെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിൽ സുവർണലിപികളാൽ കുറിച്ചിട്ട ഒന്നാണ്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്. ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്ക് കൂടിയായിരുന്നു മാരുതി 800. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ, ഒരു കാലത്തെ തരംഗമായിരുന്ന മാരുതി 800, സേതു – ആസിഫ് അലി ടീമിന്റെ മഹേഷും മാരുതിയും എന്ന ചിത്രത്തിന് വേണ്ടി പുനർജനിച്ചിരിക്കുകയാണ്.
മണിയൻപ്പിള്ള രാജുവും വി എസ് എൽ ഫിലിംഹൗസും ചേർന്ന് നിർമ്മിക്കുന്ന ആസിഫ് അലി ചിത്രമായ മഹേഷും മാരുതിയും എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാരുതി 800 വീണ്ടും പണിത് ഇറക്കിയത്. മലപ്പുറത്തെ ഓൺറോഡ് അംഗങ്ങളാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയെടുത്തത്. ആസിഫ് അലിയും നിർമാതാവ് മണിയൻപിള്ള രാജുവും സംവിധായകൻ സേതുവും തിങ്കളാഴ്ച ബോഡി ഷോപ്പിലെത്തി കാർ ഏറ്റുവാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള പാർട്സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവർ പുതുക്കിയെടുത്തത്.