ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കിയ ഞാൻ മേരിക്കുട്ടി പ്രമേയത്തിലെ വ്യത്യസ്ഥതയും പ്രേക്ഷകരോട് സംവദിക്കുന്ന വിഷയത്തിന്റെ ആഴവും കൊണ്ട് വൻ വിജയമായി തീർന്നിരിക്കുകയാണ്. സമൂഹം അവഗണനയോടെ നോക്കിക്കാണുന്ന ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയുടെ കഥ പറഞ്ഞ് അത്തരം മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. കഴിഞ്ഞ ദിവസം ഈ ഒരു വിഭാഗത്തിൽ പെട്ട മനുഷ്യർക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടീം മേരിക്കുട്ടി നിയമസഭയിലെ അംഗങ്ങളെ നേരിട്ടു കണ്ടിരുന്നു.
കൂടാതെ അവർക്കായി പ്രത്യേകം ഒരു ഷോ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നടത്തുകയും ചെയ്തു. മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, വി എസ് സുനിൽകുമാർ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ, എം എൽ എമാരായ എം കെ മുനീർ, കെ എസ് സബരീനാഥൻ എന്നിവരും ചിത്രം കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ ഓരോരുത്തർക്കും പറയാനുള്ളത് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ കുറഞ്ഞു വരുന്ന ഇക്കാലത്ത് ഞാൻ മേരിക്കുട്ടി ശ്രദ്ധേയമായ ഒരു ചിത്രമാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. ഒട്ടും ബോറടിക്കാതെ ഒരു ചിത്രം കണ്ട സന്തോഷത്തിലായിരുന്നു കെ പി പി സി സി പ്രസിഡന്റ് എം എം ഹസ്സൻ.