വിജയ് നായകനായ ‘മാസ്റ്ററി’ന്റെ റിലീസ് തീയേറ്ററുകളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസും നിറഞ്ഞതാണ് ചിത്രമെന്നാണ് പലരും ആദ്യ ഷോയ്ക്ക് ശേഷം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രസകരമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാസ്റ്റര്‍ കാണാന്‍ ഹെല്‍മറ്റ് ധരിച്ച് തീയേറ്ററിലിരിക്കുന്ന ആരാധകന്റെ ചിത്രമാണത്. കോവിഡ് ഭീതിയില്‍ ഹെല്‍മെറ്റ് വെച്ചിരിക്കുന്നതാണെന്നും മറ്റും ചിലര്‍ പറയുമ്പോള്‍ അതല്ല പുറത്തുവെച്ചാല്‍ ഹെല്‍മെറ്റ് നഷ്ടപ്പെടുമോ എന്നോര്ത്തിട്ടായിരിക്കുമെന്നാണ് ചിലരുടെ രസകരമായ കണ്ടെത്തല്‍.
തമിഴ് നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തുന്നതോടൊപ്പം ഇന്ന് കേരളത്തിലും റിലീസായിരിക്കുകയാണ് ചിത്രം. യുഎഇ പോലുളള സ്ഥലങ്ങളില്‍ ഇന്നലെ ആദ്യ പ്രദര്‍ശനം നടന്നു.
തമിഴ്നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു.
തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് ഭീതിയിലും നിറഞ്ഞ സദസ്സുകളിലാണ് പലയിടത്തും എഫ്ഡിഎഫ്എസ് ഷോകള്‍ നടന്നത്. വിജയ്യുടേയും മക്കള്‍ സെല്വന് വിജയ് സേതുപതിയുടേയും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തിയാണ് തമിഴ് നാട്ടിലെ തീയേറ്ററുകള്‍ക്ക് മുമ്പില്‍ ആരാധകര്‍ വരവേറ്റത്. മാളവിക മോഹനന്, അര്ജുന് ദാസ്, ആന്‍ഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധിപേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.