സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ റീലിസിന് എത്തുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തു. അജിത് പി വിനോദൻ രചിച്ച ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഗാനത്തിന് ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഇപ്പോൾ ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന വരികൾക്കൊപ്പം താളം പിടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് റീൽസ് ചലഞ്ചിൽ പങ്കാളികളാകാൻ ദുൽഖർ ആരാധകരെ ക്ഷണിച്ചത്. ദുൽഖർ സൽമാന് ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട് വീഡിയോയിൽ.
‘പെപ്പി ഗുണ്ടജയന്റെ ചുവടുകളോട് സാമ്യമുള്ള ചുവടുകൾ വെക്കൂ, ആവേശകരമായ സമ്മാനങ്ങൾ നേടൂ. ഈ പാട്ടിനൊപ്പം ഒരു റീൽ ചെയ്ത് #GundajayanreelsContest എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കൂ. ഗുണ്ടജയൻ കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നേടൂ.’ – ഒരു ചെറിയ അടിക്കുറിപ്പോടു കൂടിയാണ് ദുൽഖർ സൽമാൻ റീൽസ് വീഡിയോ പങ്കുവെച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ദുൽഖറിന്റെ താളം പിടിക്കൽ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്.
കുറുപ്പ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്.
View this post on Instagram