ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. വിജയദശമി ദിനത്തിലാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്. മീര ജാസ്മിൻ എത്തിയപ്പോൾ വളരെ ആവേശത്തോടെയാണ് അവരെ സെറ്റിലുള്ളവർ സ്വീകരിച്ചത്. സെറ്റിലേക്ക് എത്തിയ മീര ജാസ്മിനെ ഒരു മകളെന്ന പോലെ സത്യൻ അന്തിക്കാട് ചേർത്തു നിർത്തി. സൂത്രധാരൻ എന്ന ലോഹിതദാസ് സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മീര മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
‘വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയറ്ററുകളിലൂടെ തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്’ – സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ എഴുതി.
വിവാഹത്തിന് ശേഷം ഒരു ഇടവേളയെടുത്ത മീര ജാസ്മിൻ കഴിഞ്ഞയിടെ യു എ ഇ ഗോൾഡൻ വിസ നേടി വാർത്തകളിൽ നിറഞ്ഞിരുന്നു. തൊട്ടു പിന്നാലെ പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുടെ ഭ്രമം സിനിമയുടെ റിലീസിങ്ങിന് മീര ജാസ്മിൻ എത്തിയിരുന്നു. ആ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഉണ്ണി മുകുന്ദനൊപ്പവും മറ്റ് ഭ്രമം അണിയറപ്രവർത്തകർക്കൊപ്പവും ഫോട്ടോയ്ക്ക് ഷൂട്ട് ചെയ്താണ് താരം മടങ്ങിയത്. ദുബായിൽ കഴിഞ്ഞദിവസം ആയിരുന്നു ഭ്രമത്തിന്റെ റിലീസ് നടന്നത്.