വിമർശകർക്ക് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മീര നന്ദൻ. വസ്ത്രധാരണത്തിന്റെ പേരില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് എതിരെയാണ് താരം പ്രതികരിക്കുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീര ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.
തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു എന്നും വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ തന്റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറുകയും, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് മീര നന്ദന് വ്യക്തമാക്കി. ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ അത്ര വലിയതോ ആയ വസ്ത്രമല്ല അതെന്നും ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മീര നന്ദന് തുറന്നു പറഞ്ഞു.