സൈബർ ഞരമ്പ് രോഗികളുടെ സ്ഥിരം ഇരകളാണ് സെലിബ്രിറ്റികൾ. ആരോടും എന്തും പറയാമെന്ന അത്തരക്കാരുടെ ദാർഷ്ട്യത്തിന്റെ ഏറ്റവും പുതിയ ഇരയാണ് മീര നന്ദൻ. മീര ധരിച്ച വസ്ത്രത്തിന് ഇറക്കം കുറവായത് കൊണ്ട് പാന്റ് ഇടാൻ മറന്നോ എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഇത്തരക്കാർ ചോദിക്കുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ കടന്ന കമന്റുകൾക്ക് മറുപടിയുമായി മീര തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മീര പ്രതികരിച്ചത്.
“കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ഒരു ഫോട്ടോയെ പ്രതി ഞാൻ കുറെ കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ടിരിക്കുകയാണ്. ആ ഫോട്ടോ ചിലരെ ഏതൊക്കെയോ രീതിയിൽ വേദനിപ്പിച്ചു എന്നുമറിയുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി എന്റെ ജീവിതത്തേയും ഞാൻ എന്ത് ചെയ്യുന്നു എന്നതിനെയും മാനിക്കുക. ദയവായി എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ ഇടപെടരുത്. പറയത്തക്ക വലിപ്പിക്കുറവ് ഇല്ലാത്ത ഒരു ഡ്രസ് ആയിരുന്നിട്ട് പോലും അതിന്റെ പേരിൽ വൃത്തിക്കെട്ട രീതിയിൽ ഉള്ള കമന്റുകൾ കാണുമ്പോൾ അവരെ ഓർത്ത് ലജ്ജിച്ചുപോകുന്നു. ഫാഷനെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യൻ & വെസ്റ്റേൺ വസ്ത്രങ്ങൾ ഒരേപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് വെറും വസ്ത്രത്തിന്റെ പേരിൽ ഒരാളെ ഒരാളെ കുറ്റം പറയുന്നത് ശരിയാണെന്ന് ഒരു കാരണവശാലും തോന്നുന്നില്ല. പൊതുജനം ആഗ്രഹിക്കുന്ന ലൈഫ് അല്ല മറിച്ച് ഞാൻ ആഗ്രഹിക്കുന്ന ജീവിതം ആസ്വദിക്കുവാൻ കഴിയുന്നുവെങ്കിൽ ഞാൻ അതിൽ വളരെ സന്തോഷവതിയായിരിക്കും.”