കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ഇടറി പോയ സമയത്ത് താങ്ങായും തണലായും നിന്ന ഏവർക്കും നന്ദി അർപ്പിച്ചിരിക്കുകയാണ് മേഘ്ന രാജ് ഇപ്പോൾ.
കഴിഞ്ഞ കുറേ ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും വിഷമകരവുമായ ദിനങ്ങളായിരുന്നു. പൂർണത കൈവരിച്ചിരുന്ന എന്റെ ലോകം തകർന്നടിഞ്ഞ് ഞാൻ സങ്കടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ എനിക്ക് സ്നേഹവും പിന്തുണയുമേകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ചലച്ചിത്ര മേഖലയിലെ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി. അവരേക്കാളുമേറെ പിന്തുണയുമായി നിന്നതും പ്രത്യാശ പകർന്നതും ചീരുവിന്റെ ഫാൻസാണ്. എന്റെ ഈ ഒരു ജീവിതം അവർക്ക് നന്ദി പറയുവാൻ മതിയാകുമെന്ന് തോന്നുന്നില്ല.
നിങ്ങൾ എന്നോടൊപ്പം കരഞ്ഞു, എന്റെ സങ്കടത്തിൽ പങ്കാളികളായി, എന്റെ വേദന തിരിച്ചറിഞ്ഞു, ഞാൻ എന്റെ ചീരുവിനെ എത്രത്തോളം മിസ് ചെയ്തുവോ അത്ര തന്നെ നിങ്ങളും മിസ് ചെയ്തു. ചീരുവിനോട് നിങ്ങൾക്കുള്ള നിസ്വാർത്ഥമായ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നിങ്ങളോട് എന്നും നന്ദിയുള്ളവളായിരിക്കും. ചീരുവിനെ യാത്രയാക്കാൻ എത്തിയ പതിനായിരക്കണക്കിന് ആരാധകരും എന്റെ വേദനയിൽ കൂടെ നിന്ന സിനിമ ലോകവും തന്നെയാണ് ചീരു നിങ്ങൾക്ക് ആരായിരുന്നു എന്നതിനുള്ള തെളിവ്. അദ്ദഹത്തിന് ഒരു രാജാവിനുതകുന്ന യാത്രയയപ്പ് നൽകിയ എല്ലാവർക്കും വളരെയേറെ നന്ദി. രാജാവിനെ പോലെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിച്ചതും.