പ്രശസ്ത നടനും എം എൽ എയുമായ മുകേഷുമായുള്ള വിവാഹജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഭാര്യ മേതിൽ ദേവിക. നർത്തകിയും നൃത്ത അധ്യാപികയുമെല്ലാമായ മേതിൽ ദേവികയും മുകേഷും തമ്മിലുള്ള വിവാഹം 2013 ഒക്ടോബർ 24നാണ് നടന്നത്. ഒരു ഇന്റർവ്യൂവിലാണ് ദേവിക മനസ്സ് തുറന്നത്.
“വിവാഹ സമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇൻഡസ്ട്രിയിൽ ഞാൻ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്ന് മേതിൽ ദേവിക എന്നടിച്ചു കഴിഞ്ഞാൽ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതൽ അനുഭവസ്ഥയാക്കുകയാണ്.”
“ഭക്ഷണത്തിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ. മീൻ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരക്ക് ഷൂട്ട് കഴിഞ്ഞാലും വീട്ടിൽ വന്നേ കഴിക്കൂ. ചില സമയത്ത് നമുക്ക് അത് പാരയാകും. പിന്നെ ഞാനൊരു പരക്കം പായലാണ്. രാത്രി ഭക്ഷണം കഴിക്കുന്നതിനാൽ വയർ കുറച്ച് ചാടിയിട്ടുണ്ട്. അതിൽ മുകേഷേട്ടനു ചെറിയൊരു വിഷമവുമുണ്ട്. ചിലപ്പോഴൊക്കെ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തെങ്കിലുമൊക്കെ പറയും. അതിൽ വിഷമിക്കാൻ ഒന്നുമില്ലെന്ന് ഞാൻ പറയും- മുകേഷേട്ടൻ മുകേഷേട്ടനാകുന്നത് ഈ ഫിഗർ കാരണമാകും. അത് മനഃപൂർവ്വം മാറ്റാൻ ശ്രമിക്കേണ്ടതില്ല. ചിട്ടയായ വ്യായാമം ചെയ്യുന്നുണ്ടല്ലോ, അത് മതി”
“ഞങ്ങൾ ഇപ്പോൾ വീട് വെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇതൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ നല്ല വഴക്ക് കിട്ടും. മുകേഷേട്ടന്റെ ചൂട് അങ്ങനെയൊരു ചൂടല്ല. മുകേഷേട്ടന് പെട്ടെന്ന് ദേഷ്യം വരും. അത് അടുപ്പമുള്ളവരോട് മാത്രമാണ്. എന്നാൽ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നോടാണ് കൂടുതലും വഴക്ക് കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണ് മനസ്സിലായത്, ഇത് വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷേട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്.”