മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിന്റെ ഭാര്യയായ ലേഖ ശ്രീകുമാറെ നമുക്ക് പരിചയം എപ്പോഴും എം ജിക്ക് ഒപ്പം നിഴലായി നടക്കുന്ന പങ്കാളിയായാണ്. ജീവിതത്തെക്കുറിച്ചും എം ജി ശ്രീകുമാറിനെക്കുറിച്ചും ലേഖ ഇപ്പോൾ മനസു തുറന്നിരിക്കുകയാണ്. തനിക്കൊരു മകളുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിയാമെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ലേഖ ശ്രീകുമാർ പറഞ്ഞത്. അധികം സംസാരിക്കാത്ത ലേഖയെക്കുറിച്ച പലതരത്തിലാണ് ആളുകൾക്കിടയിൽ ഗോസിപ്പുകൾ പരന്നത്. എന്നാൽ, കഴിഞ്ഞയിടെ ലേഖ ഒരു യുട്യൂബ് ചാനൽ തുടങ്ങിയതോടെ താരപത്നിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയിരിക്കുകയാണ്.
എം ജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷം എന്ന് ലേഖ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനു പിന്നിൽ ഭർത്താവിന്റെ സ്നേഹമാണെന്നും താൻ ഒന്നും പറയാതെ തന്നെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീക്കുട്ടനെന്നും ലേഖ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പുതുതായി തുടങ്ങിയിരിക്കുന്ന യുട്യൂബ് ചാനലിന്റെ പേര് ലേഖ എം ജി ശ്രീകുമാർ എന്നാണ്. പാചകക്കുറിപ്പുകളും ഡയറ്റ് പ്ലാനുകളും ബ്യൂട്ടി ടിപ്സുമാണ് പ്രധാനമായും ഇതിൽ ലേഖ പങ്കുവെയ്ക്കുന്നത്.
തനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ലെന്നും ലേഖ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണെന്നും ലേഖ ശ്രീകുമാർ പറഞ്ഞു. തങ്ങളും അവരും ഹാപ്പിയാണെന്നും ലേഖ ശ്രീകുമാർ പറഞ്ഞു. ശ്രീക്കുട്ടന്റെ പാട്ട് കേട്ട് എടുത്ത തീരുമാനം അല്ല തന്റേതെന്നും പരസ്പരം പൂർണമായി മനസിലാക്കിയ ശേഷമെടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും ലേഖ പറഞ്ഞു. ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു വിവാഹിതരായതെന്നും ലേഖ വ്യക്തമാക്കി.