2018 ഒക്ടോബർ 11നാണ് മലയാളത്തിലെ രണ്ടാമത്തെ 100 കോടി ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററുകളിൽ എത്തിയത്. വമ്പൻ വിജയമായി തീർന്ന ചിത്രത്തിന്റെ റിലീസിന്റെ അന്ന് തന്നെയാണ് നിവിൻ പോളിയുടെ അടുത്ത ചിത്രമായ മിഖായേലിന്റെ ടീസറും പുറത്തിറങ്ങിയത്. കായംകുളം കൊച്ചുണ്ണി നൂറ് ദിവസം തികക്കുന്ന നാളെയാണ് മിഖായേൽ റിലീസിന് എത്തുന്നത് എന്നതും ഒരു സവിശേഷതയാണ്. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമിക്കുന്നത്. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു.