സംസ്ഥാനത്ത് തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ തിയറ്ററിൽ തന്നെ കാണിക്കണമെന്നാണ് സർക്കാർ നയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തിയറ്റർ തുറക്കാത്ത സമയങ്ങളിലാണ് ഒ ടി ടി പ്രസക്തമാകുന്നത്. ‘കുഞ്ഞാലിമരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയറ്റർ റിലീസ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി നിർമാതാവുമായി സംസാരിക്കേണ്ടതില്ല. സിനിമകൾ തിയറ്റർ റിലീസിനു ശേഷം ഒ ടി ടി എന്നതാണ് സർക്കാർ നയം. സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്ഫോം മൂന്നു മാസത്തിനു ശേഷം തയ്യാറാകും. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നവംബർ രണ്ടാം തിയതി മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചതായും മന്ത്രി അറിയിച്ചു.
‘സിനിമ ഷൂട്ട് ചെയ്താൽ സിനിമ തിയറ്ററിൽ കാണിച്ചിരിക്കണം. അതിന് മറ്റൊരു പ്ലാറ്റ്ഫോമും ഒരു വഴിയല്ല. കാരണം, സിനിമ കണ്ട് ആസ്വദിക്കണമെങ്കിൽ സിനിമ തിയറ്ററിൽ തന്നെ പോയി അതിന്റെ സൗകര്യപ്രദമായ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി കാണണം. തിയറ്ററുകള് ഇല്ലാതിരുന്ന സമയത്താണ് ഒ ടി ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് നമ്മൾ ചിന്തിച്ചത്. അത് നമ്മളും ചിന്തിച്ചിട്ടുണ്ട്’ – വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു. താൻ സംസാരിക്കേണ്ട കാര്യമില്ലെന്നും ആന്റണി മരക്കാർ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ മരക്കാർ ഒ ടി ടി റിലീസിന് തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തിയറ്ററുകളിൽ 2020 മാർച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം കോവിഡിനെ തുടർന്ന് നിരവധി തവണ മാറ്റിവെച്ചിരുന്നു. ചിത്രം ഒ ടി ടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഒ ടി ടി റിലീസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പർ രംഗത്തെത്തിയിരുന്നു. തിയറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
#Kerala culture minister #SajiCheriyan says “#Marakkar will have a theatrical release!”
Saji said : “Kerala govt policy is films should first be shown in #theatres . #OTT was preferred only as theatres were closed due to #Covid. Next year we will have our own OTT platform.” pic.twitter.com/j7crwDmYP8— Sreedhar Pillai (@sri50) October 29, 2021