മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തിയ മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് റിലീസ് ചെയ്തത്. ബേസില്‍ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നില്ക്കുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതിരുന്നതിലുള്ള വിഷമവും പലരും പങ്കു വെച്ചു.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്.’ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തിട്ടുണ്ട്.