ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ അണിയറയിൽ ഒരുങ്ങുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25ന് പുറത്ത് വിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ചിത്രത്തിൽ ടോവിനോയെ കൂടാതെ തമിഴ് നടൻ ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ വ്യത്യസ്തമായ രീതിയിൽ ഉള്ള ആസ്വാദനം തന്നെയാകും മിന്നൽ മുരളി സമ്മാനിക്കുന്നത് എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്