ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് വന്‍സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. വെഡിംഗ് ഫോട്ടോ ഷൂട്ടിുും ഇന്‍സ്റ്റാഗ്രാം റീല്‍സിലും ഒക്കെ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. ഇപ്പോഴിതാ പിടി എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറിലും ‘മിന്നല്‍ മുരളി’. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പേപ്പറിലാണ് മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും പരാമര്‍ശിച്ചിരിക്കുന്നത്.
”സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന് ജോസ്മോന് പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ?” എന്നാണ് ഒരു ചോദ്യം. ഇതു കൂടാതെ അക്വാമാനും അയണ്മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്. ഇതില്‍ പാര്‍ട്ട് എയിലും ബിയിലും മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും ഷിബുവും ഒക്കെയാണ് താരങ്ങള്‍.
നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസായാണ് ചിത്രം എത്തിയത്. ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടി. ദ ന്യൂയോര്‍ക്ക് ടൈംസിന്റെ നെറ്റ്ഫല്‍ക്സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ മിന്നല്‍ മുരളിയും ഇടം നേടിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.