മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറോയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ ഡിസംബർ 24ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ വാർത്തയിലിടം പിടിച്ചു മിന്നൽ മുരളി. ഇപ്പോൾ വേറിട്ടൊരു പ്രമോഷനിലൂടെ വീണ്ടും മിന്നൽ മുരളി സ്റ്റാർ ആയിരിക്കുകയാണ്.
മിന്നൽ മുരളിയുടെ പ്രമോഷനിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത് കെ എസ് ആർ ടി സി ബസാണ്. കെ എസ് ആർ ടി സിയുടെ ഡബിൾ ഡക്കർ ബസ് ആണ് സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയിരിക്കുന്നത്. മിന്നൽ മുരളിയുടെ ചിത്രങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബസ് ചിത്രത്തിന്റെ വേറെ ലെവൽ പ്രമോഷന് ഉദാഹരണമാകുകയാണ്. മിന്നൽ മുരളി എന്ന് ഇംഗ്ലീഷിലും മ എന്ന അക്ഷരം വലുതായി മലയാളത്തിലും എഴുതിയിരിക്കുന്നത് കാണാം.
ചിത്രത്തിന്റെ പ്രീമിയർ പ്രദർശനത്തിന് നേരത്തെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം മികച്ച തിയറ്റർ അനുഭവമാണെന്നും തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നും ആയിരുന്നു പ്രേക്ഷകർ പ്രതികരിച്ചത്. മിന്നല്‍ മുരളിയുടെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ വെച്ചായിരുന്നു നന്നത്. ജിയോ മാമി (ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം – സമീര്‍ താഹിർ. കഥ, തിരക്കഥ, സംഭാഷണം – അരുണ്‍ എ ആര്, ജസ്റ്റിന് മാത്യുസ്, ഗാനരചന – മനു മന്‍ജിത്, സംഗീതം – ഷാന്‍ റഹ്മാന്, സുഷില്‍ ശ്യാം.