ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്.
കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്ലറും ആരാധകർ ഏറ്റെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് ചിത്രം എത്തുമെന്ന് ഇപ്പോൾ ടോവിനോ വ്യകത്മാക്കിയിരിക്കുകയാണ്.
ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിർ ആണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കഥയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
വളരെയേറെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് ചിത്രത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നൽ മുരളിയുടെ പ്രമോഷനിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത് കെ എസ് ആർ ടി സി ബസാണ്. കെ എസ് ആർ ടി സിയുടെ ഡബിൾ ഡക്കർ ബസ് ആണ് സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയിരിക്കുന്നത്. മിന്നൽ മുരളിയുടെ ചിത്രങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബസ് ചിത്രത്തിന്റെ വേറെ ലെവൽ പ്രമോഷന് ഉദാഹരണമാകുകയാണ്. മിന്നൽ മുരളി എന്ന് ഇംഗ്ലീഷിലും മ എന്ന അക്ഷരം വലുതായി മലയാളത്തിലും എഴുതിയിരിക്കുന്നത് കാണാം. മിന്നൽ മുരളി ടീഷർട്ടുകളും കോമിക്കുമെല്ലാം വൈറലായിട്ടുണ്ട്. അതോടൊപ്പം തന്നെ ഗ്രേറ്റ് ഖാലി ഉൾപ്പെട്ട ടീസറും ശ്രദ്ധ നേടിക്കഴിഞ്ഞു.