2018ല്‍ പുറത്തിറങ്ങിയ ഒടിയന് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്. പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ ശ്രീകുമാര്‍ മേനോന്റെ ഒടിയനില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് നിലനിന്നിരുന്ന ഒടിവിദ്യ എന്ന കണ്കെട്ട് സമ്പ്രദായത്തെ അധികരിച്ചാണ് ചിത്രം ഒരുക്കിയത്. വളരെയേറെ പ്രതീക്ഷകളേകി തീയറ്ററുകളില്‍ എത്തിയ ഒടിയന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടുവാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മിഷന് കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന് എന്നാണ് സൂചന. ഹിന്ദിയിലും സൗത്ത് ഇന്ത്യന്‍ ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മലബാറിലെ ഏറെ പ്രശസ്തമായ ഉരു നിര്‍മ്മിച്ചിരുന്ന മാപ്പിള ഖലാസികളുടെ വീരചരിതമാണ് ചിത്രത്തിന് ആധാരം. കൊങ്കണ്‍ റെയില്‍വേ നിര്‍മാണത്തിന് അവര്‍ നല്കിയ സംഭാവനയാണ് ചിത്രം പറയുന്നത്. ഭാരതത്തിന്റെ ഐക്യവും സാങ്കേതികപരമായുള്ള മുന്നേറ്റവും തടയാന്‍ ശ്രമിച്ച ശത്രുരാജ്യങ്ങളെ തുരത്തിയാണ് ഖലാസികള്‍ അവരുടെ വീര്യം കാണിച്ചത്.
ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇന്ത്യയിലെ പല പ്രോജക്ടുകളുടെയും ഭാഗമായ ഖലാസികളെ കുറിച്ച് പഠിക്കുവാന്‍ ഏകദേശം അഞ്ച് മാസങ്ങള്‍ എടുത്തുവെന്നാണ് ശ്രീകുമാര്‍ മേനോന് വ്യക്തമാക്കുന്നത്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ജിതേന്ദ്ര താക്കറെ, കമല്‍ ജെയിന്, ശാലിനി താക്കറെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രത്നഗിരി, ഗോവ, ഡല്‍ഹി, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങിലായിട്ടാണ് ചിത്രീകരണം നടത്തുക.