ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ഹാട്രിക്ക് വിജയങ്ങൾക്ക് ശേഷം ജിസ് ജോയ് ഒരുക്കിയ മോഹൻകുമാർ ഫാൻസ് പതിവുപോലെ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സ് നിറയെ സന്തോഷം പകർന്ന് വിജയം കുറിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്, മുകേഷ്, അലൻസിയർ, രമേഷ് പിഷാരടി, വിനയ് ഫോർട്ട്, കെ പി ഏ സി ലളിത, അനാർക്കലി നാസർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരന്നിരിക്കുന്ന ചിത്രം മോഹൻകുമാർ എന്ന ഒരു മുൻകാല നായകന്റെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിന്റെ കഥയാണ് പറയുന്നത്. നന്മയുള്ള ഒരു കൂട്ടം മനുഷ്യർ തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത.
കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ മോഹൻകുമാറും കൃഷ്ണനുണ്ണിയും പ്രകാശേട്ടനുമെല്ലാം എപ്പോഴും ഉണ്ടാകുമെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. മോഹൻകുമാറായി അഭിനയിച്ച സിദ്ധിഖും കൃഷ്ണനുണ്ണിയായി അഭിനയിച്ച ചാക്കോച്ചനും തന്നെയാണ് കൂടുതൽ കൈയ്യടികൾ. ബോബി – സഞ്ജയ്യുടെ തിരക്കഥയ്ക്ക് ജിസ് ജോയ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണിത്.