മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോൾ മറ്റൊരു അത്ഭുതം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. സിനിമയിൽ മോഹൻലാലിന്റെ എൻട്രിയിൽ തിയറ്റർ കുലുങ്ങുമെന്ന് ചിത്രത്തിന്റെ സഹസംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകൾ നേരത്തെ വൈറലായിരുന്നു.
അതേസമയം, സിനിമയെക്കുറിച്ച് മോഹൻലാൽ തന്നെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവം ആയിരിക്കും എന്നാണ് മോഹൻലാൽ പറഞ്ഞത്. മാസ് സിനിമ വേണ്ടവർക്ക് അങ്ങനെ കാണാമെന്നും സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാമെന്നുമാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മനോരമന്യൂസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ പുതിയ ചിത്രത്തെക്കുറിച്ച് വാചാലനായത്. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചതെന്നും ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തെന്നും പറഞ്ഞ മോഹൻലാൽ ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിനിമയുടെ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.