മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാലും മമ്മൂട്ടിയും. തങ്ങള്‍ക്കിടയില്‍ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും കുടുംബവും ഒരു സ്നേഹസാന്നിദ്ധ്യമായി മാറാറുണ്ട് എന്നാണ് മോഹന്‍ലാല്‍ ഫ്ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
”വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിദ്ധ്യമായി എനിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എന്റെ മകന് ആദ്യ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്. എന്റെ അമ്മയ്ക്ക് അസുഖമായിരുന്നപ്പോള്‍ ആശുപത്രിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി ഉണ്ടായിരുന്നു.” മകള്‍ വിസ്മയയുടെ കാവ്യപുസ്തകം ഇറങ്ങിയപ്പോള്‍ അതേ കുറിച്ച് ദുല്‍ഖര്‍ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് വായിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരു താരങ്ങള്‍ ഒന്നിച്ച് വേദിയിലെത്തുന്നതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ചില കഥാപാത്രങ്ങള്‍ താന്‍ ചെയ്താല്‍ നന്നാകുമെന്ന് മമ്മൂട്ടിക്ക് അറിയാം. അതുപോലെ ചിലത് മമ്മൂട്ടി ചെയ്താലാണ് നന്നാവുക എന്ന് തനിക്കും അറിയാം. അതുകൊണ്ടു തന്നെ തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.