പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം ചൈനയിലും പ്രദർശനത്തിനെത്തും എന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ആ വാർത്തയെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളും ആയി രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. കുഞ്ഞാലിമരക്കാർ അറബികടലിലെ സിംഹവും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും ചൈനയിൽ പ്രദർശനത്തിനെത്തുമെന്നാണ് അദ്ദേഹം അറിയിക്കുന്നത്.
മൊഴിമാറ്റം മാത്രമായിരിക്കില്ല എന്നും ചൈനീസ് കമ്പനിയുമായി ചേർന്നാണ് കുഞ്ഞാലിമരയ്ക്കാർ അവിടെ പ്രദർശനത്തിനെത്തുന്നത് എന്നും മോഹൻലാൽ പറഞ്ഞു. ചൈനീസ് പേരിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഭാഷ ചൈനീസ് ആവുക എന്നതിനപ്പുറം സബ്ടൈറ്റിലുകൾ ആണ് അവർക്കാവശ്യം എന്നും അത് ഭംഗിയായി നിർവഹിക്കാൻ ഒരു ടീമിനെ ഏർപ്പെടുത്തുമെന്നും താരം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിർമ്മിച്ച നാൽപതോളം ചിത്രങ്ങൾ മാത്രമേ ചൈന ഒരു വർഷം എടുക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോൾ ചൈന സിനിമയുടെ കാര്യത്തിൽ വലിയൊരു വിപണിയാണ്. അവർ തെരഞ്ഞെടുക്കുന്ന 40 ചിത്രങ്ങളിൽ ഒന്നാകുവാൻ സാധിച്ചത് മലയാളസിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു അഭിമാനമാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്.