മലയാളസിനിമയിലെ മറ്റൊരു അത്ഭുതമാകാൻ തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടീസർ ഇന്ന് രാവിലെ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റിലീസ് ചെയ്ത് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ നാലര ലക്ഷത്തിലേറെ വ്യൂസാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഏറെ ആവേശവും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസർ പുറത്തിറക്കിയതിന് മമ്മൂക്കക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ലാലേട്ടനും പൃഥ്വിരാജും സംഗീത സംവിധായകൻ ദീപക് ദേവും. ഫേസ്ബുക്കിൽ മമ്മൂക്ക പോസ്റ്റ് ചെയ്ത ടീസറിന് താഴെ കമന്റ് ആയിട്ടാണ് മൂവരും നന്ദി അറിയിച്ചിരിക്കുന്നത്. ഒടിയന് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഇരട്ടി മധുരം പകർന്നിരിക്കുകയാണ് ലൂസിഫർ ടീസർ. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും ഇന്ന് വൈകിട്ട് പുറത്തിറങ്ങുന്നുണ്ട്. ദുൽഖർ സൽമാനാണ് ടീസർ പുറത്തിറക്കുന്നത്.